ലണ്ടന്‍: എംസിസി (മാരിലേബോണ്‍ ക്രിക്കറ്റ് ക്ലബ്) ചില ക്രിക്കറ്റ് നിയമങ്ങളില്‍ പരിഷ്കാരംവരുത്തി. ടെസ്റ്റ് ക്രിക്കറ്റില്‍ ഒരുദിവസത്തെ അവസാന ഓവറില്‍ വിക്കറ്റ് വീണാല്‍, ടീമിനു വിക്കറ്റുകള്‍ കൈയിലുണ്ടെങ്കില്‍ അന്നത്തെ മത്സരം അവസാനിക്കില്ല എന്നതാണ് പുതിയ നിയമത്തില്‍ ശ്രദ്ധേയം. നിലവില്‍ ടെസ്റ്റിലെ ഒരുദിവസത്തെ അവസാന ഓവറില്‍ വിക്കറ്റ് വീണാല്‍ മത്സരം അവിടെ നിര്‍ത്തുന്നതാണ് പതിവ്.
എന്നാല്‍, എംസിസിയുടെ പുതിയ നിയമപ്രകാരം, ടീമിന്റെ അവസാന വിക്കറ്റ് അല്ല വീണതെങ്കില്‍ ഓവര്‍ പൂര്‍ത്തിയാക്കി മാത്രമേ ഓരോദിവസവും മത്സരം അവസാനിപ്പിക്കാന്‍ പാടുള്ളൂ.
ലാമിനേറ്റഡ് ബാറ്റുകള്‍ ഉപയോഗിക്കാനും എംസിസി അനുമതി നല്കി. പൂര്‍ണമായി വില്ലോ ട്രീ ഉപയോഗിച്ചല്ലാത്ത ബാറ്റുകളാണ് ലാമിനേറ്റഡ് ബാറ്റ്. ഹിറ്റ് വിക്കറ്റ് നിയമത്തിലാണ് മറ്റൊരു ശ്രദ്ധേയം പരിഷ്കരണം. ബാറ്ററിന്റെ ബാറ്റ് എതിര് ടീം അംഗവുമായി (വിക്കറ്റ് കീപ്പര്‍, ക്ലോസ് ഫീല്‍ഡേഴ്സ്) കോണ്ടാക്റ്റ് വന്നശേഷമാണ് ഹിറ്റ് വിക്കറ്റ് ആകുന്നതെങ്കില്‍ അത് ഔട്ടായി പരിഗണിക്കില്ലെന്നതാണ് പുതിയ നിയമം.